2014 ജനുവരി 13, തിങ്കളാഴ്‌ച

ചൂലെടുത്തും ചാണകമൊഴിച്ചും ശുദ്ധീകരിക്കേണ്ട സമയമായില്ളേ

എന്തിനാണ് ഇവരെ ഇങ്ങിനെ ഇങ്ങോട്ടെഴുന്നളളിക്കുന്നത്. സരിത മുതല്‍ രാഹുല്‍ വരെയുള്ളവര്‍ക്ക് സുരക്ഷയൊരുക്കാനുള്ള സമ്പത്തിക ചിലവ് ഞാനും നിങ്ങളും നല്‍കുന്ന നികുതിപ്പണത്തില്‍നിന്നല്ളേ കണ്ടെത്തുന്നത്. സോളാര്‍ കേസില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ സരിത കേരള സര്‍ക്കാറിന്‍െറ മുഴുവന്‍ സൗകര്യങ്ങളും ഉപയോഗിച്ചാണ് സുഖജീവിതം നയിക്കുന്നത്. ഇന്ത്യക്കോ ഇന്ത്യക്കാര്‍ക്കോ ഇന്നേ വരെ ഒരു നേട്ടവും നല്‍കിയിട്ടില്ലാത്ത രാഹുലിനെ ആര്‍ക്കുവേണ്ടിയാണ് കേരളത്തിലേക്ക് എഴുന്നള്ളിച്ചത്. കേരളത്തിലെ എന്തെങ്കിലും പ്രശ്നത്തിന് ഈ യുവകോമളന്‍െറ സന്ദര്‍ശനം പരിഹാരമാണോ? നിലതെററിയ കോണ്‍ഗ്രസിന് പിടിച്ചുനില്‍ക്കാന്‍ പോലും ഈ യാത്ര ഉപകരിക്കില്ല. കോണ്‍ഗ്രസ് ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്നതിനപ്പുറം ഇന്ത്യ കോണ്‍ഗ്രസിന്‍െറതാണെന്ന തെറ്റിദ്ധാരണ അവര്‍ക്കിനിയും മാറിയിട്ടില്ളെന്ന് തോന്നുന്നു.


 സുരക്ഷാ വീഴ്ച്ചവരുത്തിയവര്‍ക്കെതിരെ രഹസ്വാനേഷണം ആരംഭിച്ചത്രെ. ഇത്ര സുരക്ഷാ ഭീതിയുള്ളവര്‍ എന്തിനാണ് ആം ആദ്മി ചമയാന്‍ ശ്രമിക്കുന്നത്. രാഹുല്‍ അരകിലോമീറ്റര്‍ പദയാത്രയില്‍ പങ്കെടുക്കുന്നത് പോലും വലിയ കാര്യമായാണ് മാധ്യമങ്ങള്‍ ആഘോഷിക്കുന്നത്. നാല് മിനിറ്റ് രാഹുല്‍ പെരുവഴിയിലായത്രെ. നമ്മുടെ നികുതി പണം മന്ത്രിമാരും അവരുടെ കുടുംബവും മാത്രമല്ല അടിച്ചുമാറ്റുന്നത്. അവര്‍ക്ക് നേതൃത്വം നല്‍കുന്ന സംഘടനകളുടെ അമരക്കാര്‍ക്ക് കൂടിയുള്ളതാണതത്രെയത്. ലക്ഷകണക്കിന് സാധാരണക്കാര്‍ വിലക്കയറ്റത്തില്‍ അന്നന്നത്തെ ജീവിതത്തിനുള്ള പെടാപാട് പെടുന്ന ഒരു നാട്ടിലാണ് സര്‍ക്കാര്‍ ഫണ്ടുകള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഇത്തരം കോപ്രായങ്ങള്‍ക്ക് ചിലവിടുന്നത്. ഇതൊന്നും ചോദ്യം ചെയ്യാന്‍ പൈങ്കിളി വാര്‍ത്തകള്‍ക്ക് പിറകെയോടുന്ന മാധ്യമങ്ങള്‍ക്ക് സമയമില്ല, നാം ഇനിയും ഇതൊക്കെ നോക്കി നില്‍ക്കണോ? ചൂലെടുത്തും ചാണകമൊഴിച്ചും ഇവരെ ശുദ്ധീകരിക്കാന്‍ നാം പൊതുജനമല്ലാതെ ആരാണ് മുന്നോട്ട് വരിക. ഇനിയും ഒരു മാറ്റത്തിന് സന്നദ്ധമായില്ളെങ്കില്‍ ഇക്കാലമത്രയും അനുഭവിച്ച അടിമത്വം തന്നെയല്ളേ നമ്മെ കാത്തിരിക്കുക. നവ സാമൂഹിക പ്രസ്ഥാനങ്ങള്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. ഇവരുടെ യോജിപ്പും ഐക്യവുമാണ് ഇനിയുണ്ടാകേണ്ടത്. ഒത്തുകളി രാഷ്ട്രീയത്തിനും ഒറ്റു രാഷ്ട്രീയത്തിനും മറുപടി നല്‍കാന്‍ ഇവര്‍ക്ക് ജനകീയ പിന്തുണ ആവശ്യമാണ്, അതിന് ശക്തിപകരാം.