2013 ഡിസംബർ 21, ശനിയാഴ്‌ച

ആരാണ് പൊതുജനത്തിന്‍റ രക്തമൂറ്റുന്നത്?

പൊതുജനത്തിന്‍െറ രക്തം ഊറ്റുകയാണ്. ഒടുവില്‍ രാഹുല്‍ സമ്മതിരിച്ചിരിക്കുന്നു. എങ്ങിനെയെന്ന് പറഞ്ഞെങ്കിലും, ആര് എന്തിന് എന്ന് പറയുന്നില്ല! കുറ്റിച്ചൂലിന് മുന്നില്‍ അടിതെറ്റിയ ഗാന്ധി കുടുംബത്തിനും അഴിമതിയെ കുറിച്ച വെളിപാടുണ്ടായതാണോ? എന്തായാലും പരാജയങ്ങളില്‍നിന്ന് പാഠമുള്‍ക്കൊള്ളാന്‍ സന്നദ്ധമല്ളെന്ന് തന്നെയാണ് ദേശീയ പാര്‍ട്ടിയുടെ ഉപാധ്യക്ഷന്‍ ആവര്‍ത്തിക്കുന്നത്. അധ്യക്ഷക്ക് ഇത്തരം പ്രസ്താവനകള്‍ക്ക് ഇനിയും ഗ്രഹപാഠം വേണ്ടിവരും. തട്ടുകടകളില്‍നിന്ന് ചായകുടിച്ചോ തെരുവില്‍ മൂക്കൊലിപ്പിച്ച് നടക്കുന്ന കുട്ടിക്ക് ഉമ്മവെച്ചോ മറച്ചുപിടിക്കാന്‍ കഴിയുന്നതല്ല പോയവര്‍ഷങ്ങളിലെ കോണ്‍ഗ്രസിന്‍െറ ചെയ്തികള്‍. അഴിമതി ജനങ്ങളുടെ രക്തമൂറ്റുകയാണ്, അത് വെച്ച് പൊറുപ്പിക്കാനാകില്ളെന്ന് പ്രസ്താവന തട്ടിവിട്ടതുകൊണ്ട് വോട്ട് ലഭിക്കുമെന്ന് ആരാണ് ഈ കോര്‍പറേറ്റ് പൊളിറ്റീഷ്യനെ പറഞ്ഞുപറ്റിച്ചത്. അന്‍പത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ജനത നേടിയ രാഷ്ട്രീയ വിദ്യഭ്യാസത്തെയും അനുഭവ സാക്ഷ്യങ്ങളെയും ആരാണ് രാഹുലില്‍നിന്ന് മറച്ചുപിടിക്കുന്നത്. ഡല്‍ഹിയിലെ കുറ്റിച്ചൂല്‍ വിപ്ളവത്തിന്‍െറ അണിയറകളിലേക്ക് എത്തിനോക്കാന്‍ പോലും എന്തേ ഈ യുവപ്രതീക്ഷക്ക്  ഇനിയും സാധിക്കുന്നില്ല.  സാധാരണക്കാര്‍ക്കൊപ്പം ജീവിച്ചില്ളെങ്കിലും അവര്‍ ബുദ്ധിശൂന്യരല്ളെന്നെങ്കിലും അംഗീകരിച്ചേ പറ്റൂ എന്ന് എന്തേ ആരും ഉപദേശിച്ച് കൊടുക്കുന്നില്ല.

 ആരാണ് അഴിമതിക്കാര്‍ എന്ന് പറയാതെ എത്രകാലം പിടിച്ചുനില്‍ക്കാനാകും, ലോക്കല്‍ പാര്‍ട്ടിമെംബര്‍മാര്‍ മുതല്‍ ദേശീയ അമരക്കാര്‍ വരെ നീണ്ട് പരന്ന് കിടക്കുന്ന  കണ്ണികളിലെ അഴിമതിയെ തുടച്ച് നീക്കാന്‍ എന്ത് ചെയ്യാനുണ്ട്. ഇക്കാലമത്രയും പാര്‍ട്ടിയും കുടുംബവും അഴിമതി നടത്തിയിട്ടുണ്ടോ?  ഉണ്ടെങ്കില്‍ അത് പൊതുഖജനാവിലേക്ക് കണ്ട് കെട്ടാന്‍ സന്നദ്ധമാണോ? അനേകം ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് രാഹുല്‍ ഇരുന്ന് പഠിക്കേണ്ടത്. യാഥാര്‍തഥ്യത്തെ തമസ്കരിച്ചുകൊണ്ടുള്ള പ്രസ്താവനകള്‍ പാഴ്വാക്കുകളാകാനേ തരമുള്ളൂ. പുതിയ സാഹചര്യത്തില്‍ പ്രസ്താവനകള്‍ക്കപ്പുറം രാഹുലിന് കര്‍മ്മ രംഗത്ത് എന്ത് ചെയ്യാനുണ്ട് എന്നാണ് ഇന്ത്യന്‍ ജനത ഉറ്റുനോക്കുന്നത്. രാജ്യത്തിന്‍െറ ഭാവി രാഹുലിന്‍െറ കയ്യിലായിരിക്കുമെന്ന പ്രതീക്ഷകള്‍ ഇനിയും ഏറെ അകലെയാണെന്ന് ഒന്ന് കൂടി ഓര്‍മ്മിപ്പിക്കുന്നതായി ഇന്നത്തെ പ്രസ്താവന.


2013 ഡിസംബർ 18, ബുധനാഴ്‌ച

ഞാഞൂലില്‍ നിന്ന് കോബ്രയിലേക്ക് കുതിക്കുമ്പോള്‍


ഞാഞൂലും വിഷം ചീറ്റുകയോ എന്ന പതിവ് തമാശയെ ഓര്‍മ്മിപ്പിക്കുന്നതാണ് ഇപ്പോളത്തെ ഇന്തോ-യുഎസ് നയതന്ത്ര യുദ്ധം. നല്ല ഒന്നാംതരം ‘കോബ്ര’യായിട്ടും ഇക്കാലമത്രയും ഒരു ഞാഞൂലുപോലെ കഴിയേണ്ടിവന്നതായിരുന്നോ? അതല്ല യഥാര്‍തഥ ഞാഞൂലിന് ഇപ്പോള്‍ ഫണം വെച്ചതാണോ? അവിടെയും ഇവിടെയുമുള്ളവര്‍ ആകെ

                 കണ്‍ഫ്യൂഷനിലാണ്. അമേരിക്കയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിലെ ഉദ്യോഗസ്ഥയായിരുന്ന ‘ദേവയാനി ‘കോബ്ര’ഗെഡെ’ ക്കെതിരെ ആ രാജ്യം എടുത്ത ചില നടപടികളാണ് ഇന്ത്യയെ പ്രകോപിപ്പിച്ചത്. ഇതിനെക്കാള്‍ ഉയര്‍ന്ന പദവിയിലുള്ളവരുടെ അടിവസ്ത്രങ്ങള്‍ ഇതിന് മുന്‍പും ആരാജ്യത്ത് പരിശോധനക്ക് വിധേയമായിട്ടുണ്ട്, അന്നില്ലാത്ത ചങ്കുറപ്പ് കണ്ടാണ് ഇന്ത്യക്കാര്‍ ഇന്ന് ഞെട്ടിയിരിക്കുന്നത്. തങ്ങള്‍ മൂന്നാം കിട രാജ്യക്കാരോട് സാധാരണ പുലര്‍ത്തിപ്പോരുന്ന സമീപനത്തില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ളെന്നിരിക്കെ ഇക്കാലമത്രയും ഓഛാനിച്ചുനിന്നവര്‍ ഇപ്പോളെന്താ പുതിയ പുകിലുമായി വന്നതെന്നാണ് ആ നാട്ടുകാരും അവിടുത്തെ നിയമ പാലകരും അമ്പരക്കുന്നത്. ഡല്‍ഹിയില്‍ ഭിക്ഷ യാജിച്ചവരും റിക്ഷ വലിച്ചവരുമൊക്കെ ഒരു പുതിയ ഇന്ത്യ സ്വപ്നം കാണുന്നുണ്ടെന്ന തിരിച്ചറിവില്‍നിന്നുണ്ടായ രാഷ്ട്രത്തിന്‍െറ അഭിമാനബോധമാണോ നമ്മുടെ ഭരണകൂടത്തിന്‍െറ പ്രചോദനം. അതല്ല, സ്വന്തം പദവി ദുരുപയോഗപ്പെടുത്തി രാജ്യത്തിന് നാണക്കേടുണ്ടാക്കിയ നയതന്ത്രപ്രതിനിധിയെ സംരക്ഷിക്കാനുള്ള അടവുകളാണോ. ഏതായാലും ഡല്‍ഹിയിലെ യു.എസ് എംബസിയിലേക്കുള്ള മദ്യത്തിന് ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയത് കൊണ്ടോ അവിടെയുള്ള സുരക്ഷാ ബാരിക്കേഡുകള്‍ വലിച്ചു നീക്കിയതുകൊണ്ടോ മറച്ചുവെക്കാന്‍ കഴിയുന്നതാണോ ഇക്കാലമത്രയും നാം അനുഭവിച്ച നിന്ദ്യത. ഇപ്പോളത്തെ നെഞ്ചുറപ്പും ചങ്കുറപ്പുമൊക്കെ എത്രദിവസം നീണ്ടു നില്‍ക്കുമെന്നാണ്ആംആദ്മിഉറ്റുനോക്കുന്നത്.രാജ്യാന്തരതലത്തില്‍ അമേരിക്കക്ക് നാണക്കേടുണ്ടാക്കുന്നതാണ്  ഇന്ത്യന്‍ നീക്കങ്ങള്‍, ഇതിനെ മറികടക്കാന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍െറ കറുത്ത ഇടനാഴികകളില്‍ നിന്ന് ഒപ്പിയെടുത്ത എന്തെങ്കിലുമൊന്ന് വിക്കിലീക്സിലൂടെപുറത്തുവരുമ്പോള്‍വായതുറക്കാന്‍ തന്‍േറട മു ള്ളവര്‍ ഡല്‍ഹിയിലുണ്ടാകുമോ എന്നാണ് ഇനി അറിയേണ്ടത്.