
അമ്പത്തിയൊന്ന് വെട്ടിയവർക്ക് കോടതി ശിക്ഷ വിധിക്കും, സംഘാടകരുടെ കാര്യത്തിൽ കേരളം ഒരു വിധിതീർപ്പ് നടത്തിയതാണല്ലോ? വാൾതലകൊണ്ട് ഒതുക്കിവെക്കാൻ കഴിയുന്നതായിരുന്നോ ആശയങ്ങൾ. അങ്ങിനെയെങ്കിൽ ഈ ഭൂമി എന്നേ മരുഭൂമിയായേനേ. നേര നടന്നവരെ വെട്ടിയൊതുക്കാമെന്നത് വ്യാമോഹമല്ലായിരുന്നോ? ചരിത്രം അതിന് സാക്ഷിയുമല്ലേ. യഥാർതഥത്തിൽ ടി.പിയെന്ന ഒഞ്ചിയത്തുകാരൻെറ ശക്തിയും ആദർശത്തിൻെറ വ്യാപ്തിയും പുറം തോട്‌പൊട്ടിച്ച് വരാൻ ആ ശരീരത്തിൽ രക്തം പുറത്തേക്ക് ചീറ്റേണ്ടിവന്നു, അതല്ലേ സത്യം. തൊഴിലാളി വർഗത്തെ സംഘടിപ്പിച്ച് അവരുടെ രക്തം ഊറ്റിയെടുത്ത് മുതലാളിത്വം കെട്ടിപടുക്കാനായിരുന്നോ മാർക്‌സും ഏങ്കൽസും സ്വപ്‌നം കണ്ടത്. സഖാക്കൾ എവിടെനിന്നാണ് പക്ഷം മാറി വഴി നടന്നത്, ആരാണ് അവരെ വഴി തെറ്റിച്ചത്.

സത്യത്തിൻെറ പക്ഷത്തുനിന്നുയർന്ന സ്വരങ്ങളെ അപസ്വരങ്ങളെന്ന് ആരാണ് തെറ്റിദ്ധരിപ്പിച്ചത്. നൻമയുടെ പ്രവാഹത്തിന് ചിറകെട്ടാൻ നൻമയുടെ വേട്ടക്കാരും തിൻമയുടെ വേരോട്ടക്കാരുമായ സകല പിശാചുക്കളെയും ആരാണ് ഈ പക്ഷത്ത് കോർത്തിണക്കിയത്. പളളിയും പട്ടക്കാരുമായി മാത്രമല്ല മയക്ക് മരുന്ന് മുതൽ സ്വർണക്കടത്ത് മാഫിയവരെ നീണ്ടുകിടക്കുന്ന ചങ്ങലകളെ കോർത്തിണക്കുന്ന ഒരപൂർവ്വ വേദിയിലാണ് തങ്ങൾ തളച്ചിടപ്പെട്ടിരിക്കുന്നതെന്നത് തിരിച്ചറിയാൻ അവസരം സൃഷ്ടിക്കപ്പെട്ടത് ചെറിയ കാര്യമല്ലല്ലോ. അതുകൊണ്ട് തന്നെ വെട്ടിയവർക്കുളള ശിക്ഷ എന്തെന്നതിനെക്കാൾ പരമപ്രധാനമായതാണ് വെട്ട് സംഘടിപ്പിച്ച വേദിക്ക് ലഭിച്ച ശിക്ഷയെന്നാണ് ഞാൻ കരുതുന്നത്. അതുകൊണ്ട് നാളത്തെ വിധി എന്തായാലെന്ത്..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ